Tuesday, 20 January 2015

മുന്നോട്ടു വെക്കുന്ന ഓരോ ചുവടുകളും
നിന്നെ തേടിയായതു കൊണ്ടാകാം
എന്റെ യാത്രകൾക്കിനിയും തുടർച്ചകൾ
ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്‌..
വീട്ടിലേക്ക് തിരികെ വിളിക്കുമ്പോള്‍
ഏതു വീട്ടിലേക്കെന്നറിയാതെ
കയ്യില്‍ പിടിപ്പിച്ച ഗാന്ധിയെ
നോക്കി മിഴിച്ച് നില്‍ക്കുന്നവര്‍
അയല്‍ക്കാരന്റെ കണ്ണീരിനു വേണ്ടി
സ്വന്തം അടുക്കളയില്‍
തീവ്രവാദത്തിന്റെ റെസിപീ
തിരയുന്നുണ്ട് ചിലര്‍
വെടിമരുന്നും ചോരയും
മണക്കുന്ന സ്കൂള്‍ ചുമരുകളില്‍
ചിതറി ത്തെറിച്ചൊടുങ്ങിയ
പിഞ്ചു രോദനങ്ങള്‍
തുടച്ചു കുടയുന്ന കണ്ണീര്‍
ടീ ആര്‍ പിയില്‍ കോര്‍ത്ത്
പരസ്യക്കാര്‍ക്കിട്ട് കൊടുത്ത്
ഉപ്പ് നുണയുന്ന ചാനലുകള്‍
എല്ലാം തന്റെ പേരിലാണെന്ന്
കണ്ട് സഹികെട്ട്
ഇറങ്ങിപ്പോകാനൊരു
സ്ഥലം തേടുന്നുണ്ട്
'ദൈവം'
ഒട്ടിച്ചു നടക്കാൻ
ലേബലുകൾ പലതാണു
മകനായി
സഹോദരനായി
സ്നേഹിതനായി
കാമുകനായി
ഭർത്താവായി
മരുമകനായി
അച്ചനായി
അമ്മാവനായി
അമ്മായിയച്ചനായി
മുത്തച്ചനായി
മുതുമുത്തച്ചനായി
ഇതിനിടയിൽ കിട്ടുന്ന
സന്തോഷങ്ങളും
സങ്കടങ്ങളും
അതിലേറെ
ടെൻഷനുകളുമാണീ
ജീവിതം
പന പോലെ വളര്‍ന്നു
അവര്‍ പറഞ്ഞു
ദുഷ്ടന്മാരെ പന പോലെ 
വളര്‍ത്തുമെന്ന്..
സഹിക്കെട്ട്
പാവത്താനായപ്പോള്‍
പാവം ദുഷ്ടന്റെ
ഫലം ചെയ്യുമെന്ന്
വടക്കു നോക്കി യന്ത്രം
പോലെ വ്യക്തമായ
ദിശ കാണിക്കുന്ന,
അപ്പൂപ്പന്‍ താടി പോലെ
പറക്കുന്ന മനസ്സു വേണം..
കുഞ്ഞോളങ്ങളില്‍
തത്തിക്കളിക്കുന്ന
തളിരില പോലെ
ഭാരമില്ലാത്തൊരു
മനസ്സ്
കുപ്പിച്ചില്ലുകള്‍ പാകിയ
മതിലുകള്‍ക്കുള്ളില്‍
നെഞ്ചില്‍ ഭാരം പേറി
ഇഴഞ്ഞു തീരാന്‍
വിധിക്കപ്പെട്ടവരാണേറെയും
അതോ,
വിധി ഏറ്റെടുത്തവരോ?
പൂ പോലെ ഹൃദയം,
പൂ പോലെ മനസ്സ്..
തീരുമാനമെടുക്കാന്‍
അധികാരമെനിക്കെന്നു
രണ്ടും തമ്മില്‍
വടം വലി മുറികിയപ്പോള്‍
ആ പൂവിറങ്ങിപ്പോയി..
പോകുന്ന പോക്കില്‍
ചുമരിലെ കണ്ണാടിയില്‍
കണ്ട പ്രതിഛായ
ചെമ്പരത്തിപ്പൂവെന്നു തോന്നി,
കാല്‍ വട്ടത്തിലൊരു
ചങ്ങല പണിയിപ്പിച്ച്
സ്വയം ബന്ധിതനായി
തിരച്ചിലിനൊടുവിൽ തിരിച്ചറിഞ്ഞു...
നീയെല്ലാം മറക്കുന്നു പെണ്ണേ..
എനിക്കൊന്നും മറക്കാനുമാവുന്നില്ല..!!
ചെറിയൊരനക്കം 
മതിയാകും..
ചില ഓര്‍മ്മകള്‍ക്ക്,
മച്ചില്‍ തൂങ്ങുന്ന
വവ്വാലുകള്‍ പോലെ 
കൂട്ടത്തോടെ പറന്നു വന്നു
ഭയപ്പെടുത്താൻ

പറഞ്ഞില്ലെന്നു വേണ്ട..

About my Blog