Sunday, 9 March 2014

പറയാൻ കഴിയാത്ത പ്രണയം
വിസിലില്ലാത്ത കുക്കറിൽ
വേവുന്ന പരിപ്പ്‌ പോലെ..
 
ഒരുമിച്ചു പങ്കുവെക്കേണ്ട
ഓരോ നിമിഷത്തിന്റെയും
നഷ്ടഭാരം നെഞ്ചിലേറ്റുവാൻ
തീരുമാനിച്ചവരും വിധിക്കപ്പെട്ടവരും...
പ്രണയം തലച്ചോറിലേക്ക് പറിച്ച് നടപെട്ടപ്പോൾ 
ശൂന്യമായ ഹൃദയം..! 
തോറ്റത് പ്രണയമോ, ഹൃദയമോ..?
ഓരോ ആണിന്റെ ഉള്ളിലും ഓരോ ഫെമിനിസ്റ്റ് ഒളിഞ്ഞിരിക്കുന്നുണ്ട്..!! അവസരം വരുമ്പോ അതെന്തായാലും പുറത്തു ചാടും; സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ടെ കാര്യത്തിലൊഴികെ..
മടക്കം,
പരമമായ സത്യമാണത്... 
തടുക്കാനോ വേണ്ടെന്നു 
വെക്കാനോ കഴിയാത്തത്..
നടനം കേമമാക്കി
മാന്യരായി മുദ്രകുത്തപ്പെട്ടവര്‍
മുഖം പുറത്തെടുക്കാതെ
ശ്വാസം മുട്ടിയലയുന്നു

കടം കൊണ്ട മുഖത്തിന്ന്
പകരം വെക്കാനെടുത്ത
മനസ്സില്‍ ചോദ്യ ചിഹ്നമായി 
വളര്‍ന്ന സ്വരൂപം

ഉള്ളില്‍ ചീറ്റിത്തെറിച്ച വിഷം
ചിന്തകളിലും കാഴ്ചകളിലും
പടര്‍ന്നു കയറിയപ്പഴും
മാന്യതയുടെ ചിരി ബാക്കി
സ്ഫടികം പോലെയാണാ മനസ്സ്
ഏതു ചെളിക്കുണ്ടില്‍ വീണു പോയാലും
തേച്ചു മിനുക്കിയാല്‍ വെട്ടിത്തിളങ്ങുന്നത്..!!
മുജ്ജന്മ ബന്ധത്തിന്‍ വേരുകള്‍ തേടി
കാല്പനീകമായൊരു ലോകം തീര്‍ത്ത്
അതിന്നാഴങ്ങള്‍ തേടിയലഞ്ഞതില്‍ 
അലിഞ്ഞില്ലാതാകണം

ഇഷ്ടാനിഷ്ടങ്ങള്‍തന്‍ ഉല്പത്തി
തേടി, ഉത്തരം കിട്ടാത്ത
ചോദ്യങ്ങള്‍ മാറ്റിയെഴുതി
സ്വയം ഉത്തരങ്ങളാകണം

നിഴലുകള്‍ പടമെഴുതുന്ന ഇടവഴിയുടെ
അറ്റത്തായി ശെരിയും തെറ്റും
വേര്‍ പിരിയുന്നിടത്ത് എത്തിയാല്‍
ഇഴ ചേര്‍ത്തു പിടിച്ച് നടക്കണം

ഇനിയൊരു തിരിച്ചു പോക്കില്ലെന്ന
യാതാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാന്‍
തയ്യാറാവാതെ ഹൃദയങ്ങളെന്നും
മിടിച്ചു കൊണ്ടേയിരിക്കണം..

Monday, 16 September 2013

നീ..

കണ്ടുണര്‍ന്ന സ്വപ്നത്തിലെ മുഖം
തേടിയലഞ്ഞതോ
മുഖങ്ങളെല്ലാം സ്വപ്നങ്ങളായതോ
സ്വപ്നങ്ങളും മുഖങ്ങളുമൊന്നായപ്പോള്‍
ഞാനെന്നെ തേടിയലഞ്ഞതോ
കിട്ടിയ സ്വപ്നങ്ങളെല്ലാം
കോര്‍ത്തിണക്കി മാല കൊരുത്ത്
കൂട്ടി കെട്ടി
ആ വട്ടത്തിലവയെ തളച്ച്
സ്വതന്ത്രനായത് ഞാനോ
എന്റെ സ്വപ്നങ്ങളോ..??

നിഴലുകൾ

നിഴലുകള്‍ക്കു ജീവനുണ്ടായിരുന്നെങ്കില്‍ 
ഒരുപാടു രഹസ്യങ്ങളവ വിളിച്ചു പറഞ്ഞേനേ
സമരങ്ങള്‍ നടത്തുന്നതവയായിരുന്നേനേ 
അസ്തിത്വത്തിനും സ്വാതന്ത്ര്യത്തിനും..!

ദൂരം

ഞാനും നീയും തമ്മിലെത്ര 
ദൂരമെന്ന ചോദ്യത്തിന്നുത്തരം
ഞാനും ഞാനും തമ്മിലുള്ള 
ദൂരത്തേക്കാള്‍ കുറവെന്നായിരുന്നു..

ഊച്ചികപ്പലണ്ടി

എതൊരു കപ്പലണ്ടി പൊതിയിലും അതു വരെ തിന്നതിന്റെ ടേയ്സ്റ്റ് കളയാനായിട്ടൂണ്ടാകും, ഒരു 'ഊച്ചി' കപ്പലണ്ടി.. മന്‍ഷ്യേര്‍ടെ കാര്യവും അങ്ങനെ തന്നെ..!!

Saturday, 10 August 2013

വിഷം

വിഷം, കൊല്ലുന്നതിനേക്കാള്‍
കൊല്ലിക്കലാണതിന്റെ ദൗത്യം
മനസ്സിലേക്ക് കുത്തിവെക്കപ്പെടുമ്പോള്‍
പ്രവചനാധീതമായ പ്രഹര ശേഷിയുള്ളത്.

Saturday, 13 July 2013

നമ്മുടെ സന്തോഷങ്ങളാണു നമ്മുടെ ശെരികൾ. അതു മറ്റുള്ളവരുടെ ദു:ഖമാകുന്നിടം വരെ..!!

Thursday, 16 May 2013

മീനച്ചൂട്

"മീനച്ചൂടിനെ ജയിച്ച് 
വിയര്‍പ്പിറ്റി വരണ്ട ചാലുകളിലമര്‍ന്ന 
നിന്‍ നനുത്ത ചുണ്ടിന്‍ കുളിര്‍മ- 
യിലലിഞ്ഞ് മിഴി പൂട്ടി ഞാന്‍."

ചങ്ക്


ചങ്കു പറിച്ചു കൊടുത്തപ്പോഴവൾ ചോദിച്ചു..
"ഇത്‌ ചങ്കല്ലെ..??"
ഇപ്പോഴവൻ ചെമ്പരത്തി പൂ തേടി നടക്കുന്നു...!!

Wednesday, 28 November 2012

കോഴി

നിനക്കു കുറുക്കന്‍ കണ്ണുകളാണെന്നവള്‍,
നേര്‍ച്ചക്കോഴിയാണൊയെന്നു 
തിരിചു ചോദിച്ചില്ല ഞാന്‍ 
പിന്നീടറിഞ്ഞു .. 
ഏതോ ഹോട്ടലുകാരവളെ
പലര്‍ക്കായ് 
വിളമ്പി തീറ്റിച്ചുവെന്ന്..

വൈഫ് കാളിങ്ങ്

ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ, നിർവൃതിയുടെ ആലസ്യവും കിതപ്പും നിശ്വാസവും ലേഡീസ് പെർഫ്യൂമിലലിഞ്ഞ  വിയര്പ്പു ഗന്ധവും ബാക്കിയായപ്പോഴാണ് ശ്രദ്ധിച്ചത്, ബെഡ്ഷീറ്റിനിടയിലെവിടെയോ മിന്നിതെളിയുന്ന വെളിച്ചവും വിറയലും..  തപ്പി പിടിച്ചെടുത്ത ഫോണിന്റെ ഡിസ്പ്ലേ അവനെ നോക്കി പല്ലിളിച്ചു.. 

ഇന്കമിങ്ങ് കാൾ - 'വൈഫ്'..!!

Tuesday, 18 September 2012

കൊടുത്തത് തിരിച്ച് കിട്ടിയില്ലെങ്കിലും ആഗ്രഹിക്കുന്നത് കിട്ടാതാകുമ്പോള്‍ ഒരു തരം വല്ലാത്ത വേദനയാണ്..! അല്ലെ..??

Tuesday, 6 March 2012

പട്ടി കണ്ടത്

ഒരു കുപ്പതൊട്ടി, ആശുപത്രി മതിലിനപ്പുറം
അതിലേക്കൊരു നായ് കാലു പൊക്കി മൂത്രിച്ചു.
ചൂടും നനവും തട്ടി അതില്‍ നിന്നൊരു ഭ്രൂണം,
പൊക്കിള്‍ കൊടി താങ്ങാക്കി മുളച്ചു പൊങ്ങി.

കാലം

ഓര്‍മച്ചെപ്പിലൊളിപ്പിച്ചു വച്ച ഇന്നലെകള്‍
എന്നെ നോക്കി പല്ലിളിക്കുന്നു..
സ്വപ്നക്കൂട്ടില്‍ താലോലിച്ചു വച്ചിരിക്കുന്ന നാളെകളെ
എന്തു ചെയ്യണാമെന്നറിയാതെ ഇന്നില്‍ ഞാന്‍ നില്‍ക്കുന്നു..!!

അര്‍ത്ഥം

എന്റെ ശരികള്‍ മറ്റുള്ളവര്‍ക്കു കൂടി ശരിയായി തോന്നാത്തിടത്തോളം കാലം ഞാന്‍ ചെയ്യുന്ന ശരികള്‍ക്കെന്തര്‍ത്ഥം..??

ന്യായം

സ്വന്തം പവൃത്തികളെ ന്യായീകരിക്കുമ്പോള്‍ നിന്നെ സ്നേഹിക്കുന്നവര്‍ നിനക്ക് മുന്നില്‍ ആരുമല്ലാതായി തീരുന്നത് നീയറിയുന്നില്ല...!!

പറഞ്ഞില്ലെന്നു വേണ്ട..

About my Blog